Monday, September 15, 2008

പുലിവരുന്നേ പുലി..........

ഓണം കുട്ടിക്കാലത്ത് (ഓ ഇപ്പോ കൊറേ വയസ്സായി) എല്ലാവരെയും പോലെ തന്നെ കെങ്കേമമായി കൊണ്ടാടിപ്പോന്നിരുന്നു അന്നൊക്കെ എന്റെ പ്രധാന ഡ്യൂട്ടി പൂക്കൾ വാങ്ങിവരിക അത് മുറിച്ച് പൂക്കളത്തിനായി റെഡിയാക്കാൻ സഹായിക്കുക പച്ചക്കറി വാങ്ങി വരിക.... പിന്നെ ഓണത്തിന് മലബാർ ഭാഗത്ത് കോഴിയാണ് പ്രധാന വിഭവം അതിന് ഓണത്തിന്റെ അന്ന് രാവിലെ പൊരിഞ്ഞ തല്ലായിരിക്കും അതിനിടയിലൂടെ
ചെന്ന് ചിക്കൻ കരസ്ഥമാക്കൽ ചടങ്ങും വിജയകരമായി ഞാൻ നടത്തിവരുന്നു...
പിന്നെ ഇച്ചിരി മുതിർന്നപ്പോ ഈ ഇടപാടുകൾ ഇളയമ്മയുടെ മകന്റെ തലയിൽ
കെട്ടിവെച്ചുകൊടുത്ത് ഞാൻ തലയൂരി പിന്നെ ഓണത്തീന് സിനിമയായി പ്രധാന ആകർഷണം. സൂപ്പർ സ്റ്റാർ സിനിമകൾ റിലീസിങ്ങിന് ചെന്ന് കാണുക.... അല്ലേൽ ആകെ ഒരു വിഷമാ...... അങ്ങനെ എത്രയെത്ര സിനിമകൾ


അങ്ങനെ ഒരോണത്തിന് മോഹൻലാലിന്റെ റിലീസ് പടവും കണ്ട് വീട്ടിലെത്തി മൂക്കുമുട്ടെ
ഭക്ഷണവും കഴിച്ച് ആത്മാവിന് ഒരു പൊക കൊടുക്കാനായി ഞങ്ങളുടെ “കൂളിവീട്ടിൽ”
ഞങ്ങളുടെ സംഘം മീറ്റിങ്ങ് തുടങ്ങി ഇപ്പോൾ ഇന്ത്യ നേരിടുന്ന സമ്പത്തിക പ്രധിസന്ധിയെകുറിച്ചും അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തെകുറിച്ചും തൻ മൂലം യുവജനങ്ങൾക്ക് നേറിടേണ്ടി വരുന്ന പോക്കറ്റ് ഡ്രൈയ്യോമാനിയയെ കുറിച്ചും മറ്റും ചർച്ച ആരംഭിച്ചു അപ്പോഴാണ് ഏതോ ഒരു പുത്തിമാന്റെ തലയിൽ ഒരു ഐഡിയാ നമുക്ക് സ്വയം തൊഴിൽ കണ്ടെത്തി ഈ പ്രധിസന്ധിയിൽ നിന്നും രക്ഷപെടാം???!!!!!!! എങ്ങനെ???? “ഇപ്പോ ഓണ സമയമല്ലേ....... നമുക്ക് പുലികളിക്കാനിറങ്ങാം......”

“വാട്ടാൻ ഐഡിയാ സർജീ”

ഞങ്ങൾ വട്ടം കൂടീ നൃത്തം തുടങ്ങി ഞങ്ങളുടെ ഭീകര സംഘത്തിന് സ്വന്തമായി ഒരു നർത്തകിയെ വെക്കാനുള്ള ശേഷിയൊന്നും ഉണ്ടായിരുന്നില്ല അതുകൊണ്ട് ഞങ്ങൾ തന്നെ മെഹബൂബാ മെഹ ബൂബ പാടി നൃത്തം വെച്ചു.
പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു..... ബൈക്കെടുക്കുന്നു ഏടാട്ട് ചിത്രാഞ്ജലിയിലേക്ക് പോകുന്നു പുലിവേഷത്തിനും പറയുന്നു മമ്പലത്തേക്ക് പോകുന്നു 2 ചെണ്ടക്ക് പറയുന്നു അങ്ങനെ പിറ്റേന്ന് രാവിലെ ഞങ്ങൾ പുലികളിക്കാനയി തയ്യാറായി
ആളെ മനസിലാകാതിരിക്കാൻ ഞാൻ ഒരു പുലിയായി. ഞാൻ പണ്ടേ ഒരു പുലിയാണ് എന്നാലും എനിക്ക് നാട്ടിൽ ഒരു ചീത്തപ്പേരുണ്ടേ അതിനു കോട്ടം പറ്റാൻ പാടില്ലല്ലോ????

അങ്ങനെ പുലികളിറങ്ങി പതിയെ തുടങ്ങിയ പുലികളി ചൂടാകാൻ തുടങ്ങി
ആ.....കൊട്ടും പാട്ടും പാട്ടും കൊട്ടും പിന്നെ ഒരു മേളമായിരുന്നു...... പിന്നെ
കയ്യും മെയ്യും മറന്ന് പുലികളിക്കുകയായിരുന്നു കൂട്ടിന് ഇച്ചിരി “ചൂടുവെള്ളവും”
അങ്ങനെ പുലികളി പയ്യന്നൂർ റെയിൽ വേസ്റ്റേഷനു സമീപത്തേക്ക് അടുക്കുകയാണ്......
ഓരോ വീട്ടിലും ചെന്ന് കാശും പിരിച്ച് വൈകീട്ടാകുമ്പോഴേക്കും ഒരു നല്ല കലക്ഷൻ ഉണ്ടാക്കാം എന്ന പ്രതീക്ഷയിൽ തകർത്താടുകയാണ്.......സമയം ഒരു മൂന്നു മൂന്നരയായി ഞാൻ ഒരു വീടിന്റെ ഗേയിറ്റ് ചവിട്ടിത്തുറന്ന് ഒരു പുലി പോസിൽ അലറിവിളിച്ച് വീടിന്റെ കളത്തിലെക്ക് ചാടിവീണു....


താളമേളങ്ങൾ നിലച്ചു മറ്റു പുലികളുടെ തുള്ളലും അലർച്ചയും നിലച്ചു.........!!!!!!!!!!!!!!!!!!.


ആരും അനങ്ങുന്നില്ല..... എങ്ങനെ അനങ്ങാൻ എന്റെ മുന്നിൽ ഒരുഒന്നൊന്നര പട്ടി

ബാക്കിയുള്ളവർ പതിയെ പിറകോട്ട് വലിഞ്ഞുതുടങ്ങി അങ്ങനെ ഞാനും പട്ടിയും മാത്രം സീനിൽ പട്ടി... പുലി... പുലി... പട്ടി... അങ്ങനെ മാറി മാറി കാണിക്കുകയാണ്......
പട്ടിയാണേൽ മുന്നിൽ വന്ന് വീണത് എന്ത് സാധനമാ‍ന്ന് ഒരു പിടിയും കിട്ടാതെ അന്തിച്ച് നിൽ‌പ്പാണ് ഞാനാണേൽ ഈ സാധനത്തിന്റെ മുന്നീന്ന് എങ്ങനെ എസ്ക്കേപ്പ് ആകാമെന്നും ചിന്തിക്കുകയായിരുന്നു എന്റെ പ്രൊസസർ എസ്ക്കേപ്പിനായി കാലുകൾക്ക് കൊടുത്ത കമാന്റ് 1001001010101001001010101010010101011010100100101010110
എന്നായിരുന്നു മനസിലായില്ലേ 19ആം അടവ് ഓട്ടം...........

കമാന്റ് കിട്ടിയതും ഓട്ടം തുടങ്ങി ഒപ്പം സൈറൺ ഓൺ ചെയ്യാനും മറന്നില്ല "അമ്മേ....................!!!"
എന്റെ റാം വെറും 128 ആയതിനാലും ലോഡ് ചെയ്തുരിക്കുന്നത് വിൻഡോസ് എക്സ് പി ആയതുകൊണ്ടും ആ കമാന്റ് കുറച്ച് സമയം റൺ ചെയ്തശേഷം സിസ്റ്റം ഹാങ്ങാകാൻ തുടങ്ങി പട്ടിയാണേൽ പുലിയൊക്കെ എനിക്ക് പുല്ലാന്നും പറഞ്ഞ് പുറകെ ഉണ്ട് പിന്നെ ഒറ്റ വഴിയേ കണ്ടുള്ളൂ ഏതേലും മരത്തിൽ കയറുക സൈഡിൽ കണ്ട തെങ്ങിന്റെ നേരെ ഞാൻ ഓടി തെങ്ങിൽ വലിഞ്ഞ് കയറി ഇനി മുകളിലോട്ട് കയറാൻ സ്റ്റാമിന ശേഷിച്ചിട്ടില്ലാത്തതുകൊണ്ട് ഞാൻ തെങ്ങിന്റെ നടു സെന്റർ മധ്യത്തിലായി ഇരിപ്പുറപ്പിച്ചൂ

പട്ടി താഴെതന്നെ കുരച്ചുകൊണ്ട് നിൽ‌പ്പുണ്ട് അൽ‌പ്പം കഴിഞ്ഞപ്പോ ആനടുക്കുന്ന സത്യം മനസിലായി എന്റെ കൈകൾക്ക് എന്റെ ശരീരം താങ്ങാനുള്ള ശേഷിയില്ല !!!!!!!!!! കൈകൾ വിറക്കാൻ തുടങ്ങി ഞാൻ ആത്മാർഥമായി തെങ്ങിനെ വാരിപ്പുണർന്നു എന്റെ അമ്മയെ പോലും ഞാൻ അത്ര ആത്മാർഥമായി കെട്ടിപ്പിടിച്ചിട്ടില്ല എന്നിട്ടും എന്റെ കൈകൾ എന്നോട് കരുണ കാണിച്ചില്ല എന്റെ അടിവയറ്റിൽ നിന്നും ഒരു സുനാമി മുകളിലോട്ട് അടിച്ചുകയറി..........

..............!!!“

ഒരു തൂവൽ വീഴുന്ന ലാഘവത്തോടെ തെങ്ങിന്റെ മുകളിൽ നിന്നും ഒരു പഴംചക്ക നിലം പതിച്ചു അടുത്തുള്ള പൊന്തക്കാട്ടിൽ നിന്നും കിളികൾ കൂട്ടത്തോടെ ചിറകടിച്ചുയർന്നു റിക്ട്ടർ സ്കേയിലിൽ 6.4 രേഖപ്പെടുത്തി...... സുമാത്രയിൽ സുനാമി മുന്നറിയിപ്പ് നൽകി......താഴെനിന്നിരുന്ന പട്ടി ജീവനുകൊണ്ട് എന്റെ പുറകേ ഓടിയതിന്റെ ഇരട്ടി വേഗതയിൽ തിരിഞ്ഞോടി.... വന്യ മൃഗങ്ങൾ പരിഭ്രാന്തരായി........

കണ്ണുതുറന്നപ്പോ മുകളിൽ കറങ്ങുന്ന ഫാൻ.........അടുത്ത് വെള്ളയുടുപ്പിട്ട ചേച്ചി ചുണ്ടിൽ ഒരു പുച്ഞംനിറഞ്ഞ ചിരിയുമായി നിക്കുന്നു ഞാനിപ്പൊഴും പുലി വേഷത്തിലാ ....... തോല് കീറിപ്പറിഞ്ഞ ഒരു പുലി കയ്യിൽ ഗുളുക്കോസും കേറ്റികൊണ്ട് ആശുപത്രിയിൽ കിടക്കുന്നു............അടുത്ത് കാവൽ 3പുലികൾ ഒപ്പം 2 ചെണ്ടക്കാരും അന്ന് മൊത്തം പിരിച്ചതും പിന്നെ എന്റെ വീട്ടിന്ന് കൊണ്ടുവന്ന 500 രൂപയും കൂടീ കൊടുത്താ ആശുപത്രീന്ന് വീട്ടിലേക്ക് വന്നത്......അങ്ങനെ ആ മൂന്നാം ഓണം എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്തതായി......